
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. താനാണ് ഏറ്റവും കേമനെന്ന് ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെയുണ്ടോ എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചോദിച്ചു. ശശി തരൂരിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്കിലൂടെയായിരുന്നു കൂറിലോസ് വിമര്‍ശനം ഉന്നയിച്ചത്.
മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കില്‍ അദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നുവെന്നും കൂറിലോസ് ചോദിച്ചു കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചു. എന്നിട്ടും അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാല് മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക് പുശ്ചമുണ്ടാകും. അത് ആരായാലും ഏത് പ്രസ്ഥാനമായാലും അങ്ങനെയായിരിക്കുമെന്നും മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാനാണ് ഏറ്റവും കേമനെന്നു ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കില്‍ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും 'കാല്' മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക് പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!
സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ ലേഖനമെഴുതിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര പോഡ്കാസ്റ്റ് 'വര്‍ത്തമാനം'പരിപാടിയില്‍ ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത് പുതിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ടെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights- Geevarghese mar Coorilos against Shashi tharoor after his statement against congress