
തൃശൂര്‍: പാര്‍ട്ടിക്കെതിരായ കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പരസ്യ വിമര്‍ശനം ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടി വേദികളില്‍ പ്രതികരിക്കാമായിരുന്നു. തരൂരിനെ പോലെയൊരാള്‍ പരസ്യപ്രതികരണം നടത്തിയത് യുക്തമല്ല, ശരിയല്ല എന്നാണ് കെ സുധാകരന്‍ തൃശൂരില്‍ പ്രതികരിച്ചത്.
'തരൂര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. എന്നേക്കാളൊക്കെ ഉയര്‍ന്ന സ്ഥാനമാണ് പാര്‍ട്ടിക്കകത്തുള്ളത്. അദ്ദേഹം പറഞ്ഞതില്‍ അഭിപ്രായം പറയുകയെന്നത് ശരിയായ മാര്‍ഗമല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. പറഞ്ഞത് തിരുത്താന്‍ സാധിക്കുന്നയാളാണ് തരൂര്‍. തരൂരിനെ എല്ലാകാലത്തും പിന്തുണച്ചയാളാണ് ഞാന്‍. അതിരുവിട്ടുപോകരുതെന്ന് അഭിപ്രായമുണ്ട്. തരൂരിനെ നാല് തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ല. മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് വഴിമരുന്ന് ഇടുന്നതാണ് തരൂരിന്റെ അഭിപ്രായം', കെ സുധാകരന്‍ പറഞ്ഞു. തന്റെ നേതൃത്വത്തിന്റെ കപ്പാസിറ്റി അദ്ദേഹത്തിന് വിലയിരുത്താം. അതില്‍ പരാതിയില്ല. താന്‍ നന്നാവാന്‍ നോക്കാമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ടെന്നായിരുന്നു തരൂരിന്റെ നിലപാട്. പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നും ഇന്ത്യൻ എക്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റ് അഭിമുഖത്തിൽ ശശി തരൂര്‍ പറഞ്ഞിരുന്നു.
Content Highlights: K Sudhakaran Reaction over shashi tharoor Statement against Congress