
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് കംഫര്‍ട്ടബിള്‍ സ്ഥലം കോണ്‍ഗ്രസെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ്. മറ്റേതൊരു പാര്‍ട്ടിയിലേക്ക് പോയാലും അവിടെ പിടിച്ചു നില്‍ക്കാന്‍ തരൂരിന് ബുദ്ധിമുട്ടുണ്ടാകും. തരൂരിന് കോണ്‍ഗ്രസില്‍ ശ്വാസം മുട്ടുന്നുണ്ട്. ശുദ്ധ വായു തേടി പോകുക എന്നത് സ്വാഭാവികമാണ്. സിപിഐഎമ്മില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടില്ല. വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കപ്പെടും. തരൂര്‍ ബിജെപിയിലേക്ക് പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും കെ വി തോമസ് റിപ്പോര്‍ട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിൽ പറഞ്ഞു.
കോണ്‍ഗ്രസില്‍ യോജിപ്പോ ഐക്യമോ ഇല്ലെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് കൊടുക്കേണ്ട മാന്യത അദ്ദേഹത്തിന് കൊടുക്കണം. ലഭ്യമാകേണ്ട സ്ഥാനങ്ങള്‍ നല്‍കണം. അത് ലഭിക്കാതെ വരുമ്പോഴാണ് ഇതുപോലെയുള്ള അസംതൃപ്തിയുണ്ടാകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പറ്റുന്നവര്‍ നിന്നാല്‍ മതിയെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഈ ചിന്താഗതിയില്‍ മാറ്റം വരണം. കോണ്‍ഗ്രസ് നേതൃത്വം ഇതേപ്പറ്റി ആലോചിക്കണം. തങ്ങള്‍ മാത്രം അധികാരം പങ്കിട്ടാല്‍ മതിയെന്ന ധാരണയാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എവിടെയും ഉണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. സിപിഐഎം പോസിറ്റീവ് പാര്‍ട്ടിയാണെന്നും കെ വി തോമസ് പറഞ്ഞു. ദേശീയ സംവിധാനത്തിന്‍റെ താത്പര്യങ്ങള്‍ക്ക് അവര്‍ വലിയ മുന്‍ഗണന നല്‍കില്ല. തന്റെ കാര്യം തന്നെ പരിശോധിച്ചാല്‍ തന്നോട് പാര്‍ട്ടിയില്‍ ചേരാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. നാടിന്റെ വികസനത്തിനായി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് പറഞ്ഞതെന്നും കെ വി തോമസ് പറഞ്ഞു.
ശശി തരൂരിനെ കാണുമ്പോഴെല്ലാം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് താന്‍ ആവശ്യപ്പെടാറുണ്ടെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടെന്നും താന്‍ പറയാറുണ്ട്. നിലവിലെ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയാണ് വ്യക്തമായ തീരുമാനമെടുക്കേണ്ടത്. എല്ലാവരേയും കൂട്ടി യോജിപ്പിക്കേണ്ട ഉത്തരവാദിത്വം രാഹുലിനാണെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
Content Highlights- k v thomas reaction on shashi tharoor issue