
കൊച്ചി: കയർ ബോർഡിലെ തൊഴിൽ പീഡനത്തിനിരയായി ജീവനക്കാരിയുടെ മരണത്തിൽ കുറ്റാരോപിതനെ കയർ ബോർഡിൻ്റെ അഡ്വൈസറാക്കാൻ നീക്കം. ജോളി മധുവിനെതിരെ തൊഴിൽ പീഡനം നടത്തിയ മുൻ സെക്രട്ടറി ജിതേന്ദ്രകുമാർ ശുക്ലയെ അഡ്വൈസറാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി എംഎസ്എംഇ മന്ത്രി ശുപാർശ ചെയ്തെന്നാണ് വിവരം. വിരമിച്ചതിന് ശേഷവും ശുക്ലക്ക് ചട്ടങ്ങൾ മറികടന്ന് 2 വർഷം കാലാവധി കൂടി നീട്ടി നൽകിയിരുന്നു. നീട്ടി നൽകിയ കാലാവധി ജനുവരി 31 ന് അവസാനിച്ചു. ഈ അവസരത്തിലാണ് വീണ്ടും പുതിയ തസ്തികയിലേക്ക് ശുക്ലയെ നിയമിക്കാൻ നീക്കം നടക്കുന്നത്. അതേ സമയം, തൊഴിൽ പീഡനം കൂടാതെ നിരവധി അഴിമതിക്കേസുകളും കയർബോർഡിൽ ശുക്ലക്കെതിരെയുണ്ട്. പല തവണ നടപടി നേരിട്ടയാളാണ് ശുക്ല. ഇതിനിടയിലാണ് വീണ്ടും തലപ്പത്തെത്തിക്കാൻ ഉന്നതതല നീക്കം നടക്കുന്നത്.
ജോളി ഗുരുതരാവസ്ഥയിലായത് കയർ ബോർഡിലെ തൊഴില്‍ പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ജോളി അബോധാവസ്ഥയിലാകുന്നതും പിന്നീട് ഒരാഴ്ചയോളം വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയതും. പിന്നീട് ജോളി മരണത്തിന് കീഴടങ്ങുകയായിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ നേരത്തെ ജോളി നല്‍കിയിരുന്ന പരാതികളെല്ലാം അവഗണിക്കപ്പെട്ടിരുന്നു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.
കാൻസർ അതിജീവിതയായ ജോളിയുടെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചുവെന്നും മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
content highlights- Labor harassment at Coir Board; Minister recommends making accused an advisor to Coir Board