അഭിമുഖം രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, തരൂര്‍ പാര്‍ട്ടിയില്‍ വേണ്ടത് അനിവാര്യത: രമേശ് ചെന്നിത്തല

തരൂരിനോട് പാര്‍ട്ടിയില്‍ ചേരണമെന്നും പാലക്കാട് മത്സരിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടത് താനെന്ന് രമേശ് ചെന്നിത്തല

dot image

തിരുവനന്തപുരം: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പാണ് ശശി തരൂര്‍ എം പി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭിമുഖം കൊടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദത്തില്‍ പ്രതികരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തരൂരിനോട് പാര്‍ട്ടിയില്‍ ചേരണമെന്നും പാലക്കാട് മത്സരിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയില്‍ വഹിച്ച സ്ഥാനമാനങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'യുഎന്നില്‍ നിന്നും വിട്ടുവന്ന സമയത്ത് അദ്ദേഹത്തെ പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തരൂരിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് താനാണ്. പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെപിസിസി സമ്പൂര്‍ണ്ണ സമ്മേളനത്തിലേക്ക് കെപിസിസി പ്രസിഡന്റായിരുന്ന ഞാന്‍ ക്ഷണിച്ചു. സോണിയാ ഗാന്ധിയും ഉണ്ടായിരുന്ന വേദിയില്‍ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ് ശശി തരൂര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത്', എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പാര്‍ട്ടിയില്‍ തന്നെ നില്‍ക്കേണ്ടതിന്റെ അനിവാര്യത കൊണ്ടാണല്ലോ അദ്ദേഹത്തെ നാല് തവണ കോണ്‍ഗ്രസ് എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ നാല് സ്ഥിരം സമിതിയംഗങ്ങളില്‍ ഒരാളാക്കിയതും എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Shashi Tharoor is essential in Congress Ramesh Chennithala

dot image
To advertise here,contact us
dot image