
കോഴിക്കോട്: യുഡിഎഫ് മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന ശശി തരൂർ എം പിയുടെ പ്രസ്താവനയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന് കൃത്യ നേതൃത്വമില്ല, ഇങ്ങനെയാണ് പോകുന്നതെങ്കിൽ മൂന്നാമതും യുഡിഎഫ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ് തരൂർ പറഞ്ഞത്. അത് ശരിയാണ്. എൽഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് തരൂർ പറഞ്ഞതെന്ന് എം വി ഗോവന്ദൻ. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂരെന്നും അദ്ദേഹത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ലായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര പോഡ്കാസ്റ്റ് 'വര്‍ത്തമാനം' പരിപാടിയിലൂടെയായിരുന്നു തരൂര്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്തെ തുടര്‍ച്ചയായ വിജയം തന്റെ പെരുമാറ്റവും സംസാരവും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നതുകൊണ്ടാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തനിക്ക് വോട്ട് ചെയ്യുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ 2026 ല്‍ നമുക്ക് വേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ അഭാവം നിരവധി പ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് ശേഷവും തുടര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന്റെ കാരണം അടിസ്ഥാന വോട്ടര്‍മാര്‍ക്ക് അപ്പുറത്തേക്കുള്ള പിന്തുണ നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലായെന്നത് കൊണ്ടാണ്. തിരുവനന്തപുരത്തെ തൻ്റെ വിജയം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഈ പിന്തുണ ആര്‍ജിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ദേശീയ-സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകൊണ്ട് മാത്രം വിജയിക്കാനാകില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ദേശീയ തലത്തിലേക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് 19 ശതമാനമാണ്. ഈ വോട്ട് കൊണ്ട് കാര്യങ്ങള്‍ സുഗമമാകുമോ?, കൂടുതലായി 26-17 ശതമാനം വോട്ട് ലഭിച്ചാല്‍ മാത്രമെ അധികാരത്തിലേറാന്‍ സാധിക്കൂവെന്നാണ് തരൂര്‍ വിശദീകരിച്ചത്. 'പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പുസ്തകം, പ്രസംഗം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസാരിക്കുന്നതിനുള്ള ക്ഷണം…' എന്നാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. വ്യവസായ വളര്‍ച്ചയില്‍ സംസ്ഥാനത്തെ സര്‍ക്കാരിനെ പ്രശംസിച്ച തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയത് ചര്‍ച്ചയായിരുന്നു.
content highlight- 'Tharoor is a leader who can take a clear stand, he should not be underestimated'; MV Govindan