
ഒറ്റപ്പാലം: സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നതായി കണക്കുകൾ. 2023നെ അപേക്ഷിച്ച് 19,626 അധികം വാഹനങ്ങളാണ് 2024 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം ആരംഭിച്ച് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ 1.10 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്ത് തന്നെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്.
കോവിഡ് ഭീതി നിലനിന്നിരുന്ന 2022 ലാണ് ഏറ്റവും കൂടുതൽ ആളുകൾ സ്വന്തമായി വാഹനം വാങ്ങിയത്. 7.84 ലക്ഷം വാഹനങ്ങളായിരുന്നു ഈ വർഷം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 2023 ൽ രജിസ്ട്രേഷനിൽ ഇടിവുണ്ടായി. പരിവാഹനിലെ കണക്കുകൾ അനുസരിച്ച് 2023 ൽ 7.59 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2024 ൽ ഇത് 7.78 ലക്ഷമായി വർദ്ധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതും ഇതേ വർഷമാണ്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങളാണ്. 7.78 ലക്ഷത്തിൽ 5.08 ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. രണ്ട് ലക്ഷത്തിലേറെ കാറുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിലേറെയും പെട്രോൾ വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്.
Content highlight- The number of vehicles in Kerala is increasing, over 1 lakh vehicles registered in two months