
കണ്ണൂര്‍: ആറളത്ത് ആനമതില്‍ കെട്ടുന്ന പദ്ധതിയില്‍ ചില വീഴ്ചകളുണ്ടായെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആനമതില്‍ പൂര്‍ത്തിയാകാന്‍ ആറ് മാസമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആനമതില്‍ കെട്ടാന്‍ മരം മുറിക്കാന്‍ തടസമുണ്ടായിരുന്നുവെന്നും അത് നീങ്ങിയെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ആറളത്ത് ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
സോളാര്‍ ഫെന്‍സിംഗ് ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ബഹുജനരോഷം നിലനില്‍ക്കുന്നുവെന്നും അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. 'ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തും. ഒരു ആര്‍ആര്‍ടി സംഘമാണ് നിലവിലുള്ളത്. അവരുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ന് രാത്രി തന്നെ ആനകളെ തുരത്തും. ആന മതില്‍ ത്വരിതഗതിയിലാകും. ഫെബ്രുവരി അവസാനം ആനമതില്‍ പ്രവൃത്തി തുടങ്ങും', മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്നും അടിക്കാടുകള്‍ ഉടന്‍ വെട്ടുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി സിസിഎഫിനെ ചുമതലപ്പെടുത്തിയെന്നും ക്യാമറകളും ലൈറ്റും സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഉടന്‍ താല്‍ക്കാലിക ജോലി നല്‍കും. എഐ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മൂന്നിന് തിരുവനന്തപുരത്ത് ഇതിന്റെയെല്ലാം അവലോകന യോഗം നടക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
Content Highlights: A K Saseendran about Aralam elephant attack