ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്; മുഖ്യ പ്രതിയെ തേടി ഇഡി സിംഗപ്പൂരിലേക്ക്

ലോൺ ആപ്പ് തട്ടിപ്പിന് പുറമേ ക്രിപ്റ്റോ കറൻസിയിൽ നേരത്തെയും ഇയാൾ വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ

dot image

കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ മുസ്തഫ കമാലിനെ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിംഗപ്പൂരിലേക്ക്. സിംഗപ്പൂർ പൗരനായ മുസ്തഫ കമാലാണ് തട്ടിപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്ന് ഇഡി കണ്ടെത്തി. ലോൺ ആപ്പ് തട്ടിപ്പിന് പുറമേ ക്രിപ്റ്റോ കറൻസിയിൽ നേരത്തെയും ഇയാൾ വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ മലയാളികളായ സയ്യിദ് മുഹമ്മദിനെയും, ടി.ജി വർഗീസിനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മുസ്തഫ കമാലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. ഇയാൾ 112 കോടി രൂപ ചൈനയിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

1600 കോടിയുടെ തട്ടിപ്പ് നടന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. ഇതിൽ സയ്യിദ് മുഹമ്മദിന്റെയും, ടി ജി വർഗീസിന്റെയും നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ ഒഴുകിയത് 718 കോടി രൂപയാണ്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോൺ ആപ്പ് തട്ടിപ്പ്. ഡൗൺലോ‍ഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറിയാണിത്. ഇത്തരത്തിൽ 500-ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതിൽ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.

വർഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലായേക്കുമെന്നാണ് സൂചന.

content highlight- Chinese loan app scam; ED heads to Singapore in search of main accused

dot image
To advertise here,contact us
dot image