ജനങ്ങളുടെ ആവശ്യങ്ങൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരുണ്ട്; എന്ത് മനസുഖമാണ് കിട്ടുന്നതെന്ന് അറിയില്ല: മുഖ്യമന്ത്രി

സംസ്ഥാന സര്‍വീസിലെ ഭൂരിഭാഗം ജീവനക്കാരും സത്യസന്ധമായി ജോലി ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു

dot image

തിരുവനന്തപുരം: മാറുന്ന കാലത്തിനു അനുസരിച്ച് പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരാനുള്ള കുതിപ്പിലാണ് നമ്മുടെ നാടെന്നും ആരോഗ്യപരമായ ഇടപെടലാണ് റവന്യൂ വകുപ്പില്‍ നിന്നുമുണ്ടാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. റവന്യൂ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സര്‍വീസിലെ ഭൂരിഭാഗം ജീവനക്കാരും സത്യസന്ധമായി ജോലി ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഒരാള്‍ തെറ്റു ചെയ്തുവെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യുന്ന ആരോടും വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ജനങ്ങളുടെ ആവശ്യങ്ങളില്‍ കാലതാമസം വരുത്തുന്ന ചിലര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ എന്ത് മനസുഖമാണ് കിട്ടുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും ഭൂമി എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'സംസ്ഥാനത്ത് 3,60,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഡിജിറ്റല്‍ റീ സര്‍വേ മാതൃകയാക്കാന്‍ മറ്റു സംസ്ഥാനങ്ങളും തയാറായി. എല്ലാ പേയ്‌മെന്റുകളും ഡിജിറ്റലാക്കാന്‍ കഴിഞ്ഞു. പത്ത് ലക്ഷം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 515 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കി. അടുത്ത സാമ്പത്തിക വര്‍ഷം 222 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കും. 66 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു', മുഖ്യമന്ത്രി പറഞ്ഞു.

തനത് വരുമാനവും കേന്ദ്ര സഹായവും വായ്പയുമാണ് സര്‍ക്കാരിന്റെ വരുമാനമെന്നും തനത് വരുമാനത്തില്‍ മുന്നേറാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

Content Highlights: CM Pinarayi Vijayan about government officers

dot image
To advertise here,contact us
dot image