
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവര്‍ക്കര്‍മാർ നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ്. കൂടുതൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് തീരുമാനം. 'മഹിള കോൺഗ്രസ് ആശമാർക്കൊപ്പം' എന്ന സമര പരിപാടിയുടെ ഭാഗമായി ഇന്നു മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബ്ലോക്കുകളിൽ നിന്നുള്ള മഹിള കോൺഗ്രസുകാർ സമര പന്തലിലേക്ക് ജാഥ നടത്തും. നാളെ സംസ്ഥാന വ്യാപകമായി 282 ബ്ലോക്ക് കേന്ദ്രങ്ങളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കും.
അതേസമയം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ച് നാളെ നടക്കും. സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. കൂടാതെ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഹാ ഐക്യദാര്‍ഢ്യ സമ്മേളനവും നാളെ നടക്കും.
ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ അര്‍പ്പിച്ച് സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കള്‍ സമര വേദിയിലെത്തും. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ ജനകീയ സാംസ്‌കാരിക സാമൂഹിക നേതാക്കളും പങ്കെടുക്കും. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്. ആശാവര്‍ക്കര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സമരം എത്രയും വേഗം ഒത്തുത്തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്.
ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ പോലും വക വെക്കാതെ വളരെ സ്തുത്യര്‍ഹമായ സേവനം നടത്തി കേരളത്തിന്റെ ആരോഗ്യ മേഖലയെ കോട്ടകെട്ടി കാക്കുന്ന ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും ലഭിക്കുന്ന കൂലിയെക്കാള്‍ പതിന്മടങ്ങ് സേവനമാണ് ഇവര്‍ ചെയ്യുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇവരുടെ പ്രശ്നങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: congress will be held a march for support asha workers protest