
കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പമാണ് പി സി ജോർജ് കോടതിയിൽ കീഴടങ്ങാനെത്തിയത്. അറസ്റ്റ് ചെയ്യാനുള്ള പൊലീസിൻ്റെ നീക്കം മറികടന്നാണ് പി സി ജോർജ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്.
നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് സംഘം പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ പൊലീസ് ഈ കത്തിന് മറുപടി നൽകിയിരുന്നില്ല.
ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
മുപ്പതുവര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി പറഞ്ഞിരുന്നു. പി സി ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlights: Hate speech in channel discussion PC George arrested