
തിരുവനന്തപുരം: വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്.പാർട്ടിയുടെ നന്മയ്ക്കു വേണ്ടി ഏത് വിമർശനങ്ങളെയും സ്വാഗതം ചെയ്യും. വിമശിച്ചതിൻ്റെ പേരിൽ ഒരാളെയും ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിന് ഇല്ല. ജനങ്ങൾക്ക് മടുത്ത സർക്കാരിനെ താഴെ ഇറക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും ശശി തരൂർ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കെ സി വേണുഗോപാൽ പറഞ്ഞു.
ഐക്യത്തോടെ മുന്നോട്ട് പോകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കെ സി വേണുഗാപാൽ പറഞ്ഞു. കേരളത്തിൽ ഐക്യം ഊട്ടി ഉറപ്പിക്കും, എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകും. വിമർശനങ്ങളെ പോസിറ്റീവ് ആയി കണ്ട് പരിഹാരം കാണുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
പത്തനംതിട്ടയിൽ താൻ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. താന്റെ പരാമർശം ശശി തരൂരിന് എതിരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതുപക്ഷക്കാർ പോലും പിണറായി വിജയൻ മൂന്നാമതും വരണമെന്ന് ആഗ്രഹിക്കുന്നില്ല. താൻ ഒരു പക്ഷത്തിന്റെയും ഭാഗമല്ല, പിണറായിയുടെ രാജഭക്തന്മാർ എന്നാണ് പത്തനംതിട്ടയിലെ പ്രസംഗത്തിൽ ഉദ്ദേശിച്ചത്. പറഞ്ഞത് പാർട്ടിക്കാരുടെ സ്തുതി ഗീതമാണെന്നും പറയാത്ത കാര്യങ്ങൾ വാർത്തയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനുളള കേന്ദ്രസഹായം ലഭിക്കാൻ ഒരുമിച്ച് നിൽക്കാൻ തയ്യാറാണ്, ദുരന്തത്തിലും സർക്കാർ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയിലുണ്ടാകുമെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാല്‍ ഞായറാഴ്ച പത്തനംതിട്ടയിൽ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അഭിപ്രായമാണെങ്കില്‍ അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും വിമര്‍ശിക്കുന്നവരെ 51 വെട്ട് വെട്ടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
'കോണ്‍ഗ്രസ് പാര്‍ട്ടി വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൗന്ദര്യവും അതാണ്. പ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാം. വിമര്‍ശിക്കുന്നവരെ കടക്കൂ പുറത്ത് എന്ന് പറയുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. വിമര്‍ശിക്കുന്നവരെ 51 വെട്ട് വെട്ടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും അതെല്ലാം പരിഹരിക്കും. ലക്ഷ്യം പിഴയ്ക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അഭിപ്രായവ്യത്യാസം പറയുന്നവരെ കൈകാര്യം ചെയ്യുന്ന രീതി കോണ്‍ഗ്രസിന് ഇല്ല. അവരെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകും. കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വരുത്തിയേ പറ്റൂ' എന്നായിരുന്നു നേരത്തെ പത്തനംതിട്ടയിൽ നടത്തിയ പ്രസംഗത്തിൽ കെ സി വേണുഗോപാൽ പറഞ്ഞത്.
കോണ്‍ഗ്രസ് തീര്‍ന്ന് പോകുമെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ചിലര്‍ പറഞ്ഞു, അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഇല്ലാതാകുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മൂന്നാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ വരില്ല. ഇനി ഒരു സുനാമി കൂടി സഹിക്കാനുള്ള ശേഷി കേരളത്തിന് ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊട്ടാര വിദൂഷകന്മാരുടെ സ്തുതി ഗീതങ്ങള്‍ മാത്രം പിണറായി കേള്‍ക്കുന്നു. കൊട്ടാരത്തിലെ വിദൂഷകനെപ്പോലെ പിണറായി ഭരണം മൂന്നാംവട്ടമെന്ന് പറഞ്ഞാണ് രാജഭക്തര്‍ ഇറങ്ങിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് അണികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
Content Highlights: KC Venugopal Said Congress Accept Criticism Over Shashi Tharoor Issue