
കോഴിക്കോട്: ദേശീയപാത 66 ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നാഷണൽ ഹൈവേ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും. പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ സ്ട്രെച്ചും തുറന്ന് കൊടുക്കും. ആദ്യം തുറന്ന് നൽകുക മലപ്പുറം സ്ട്രെച്ച് ആണെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം ജില്ലയിലാണ് കേരളത്തിൽ ആദ്യം നിർമാണം പൂർത്തിയാകുക എന്ന് മന്ത്രി പറഞ്ഞു. പിന്നീട് കോഴിക്കോടും പൂർത്തിയാക്കും, തൃശൂർ ചാവക്കാട് വരെ പ്രയാസമില്ലാതെ യാത്ര ചെയ്യാൻ പറ്റും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ ഭരണവകുപ്പ്, വനം വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് യോഗം വിളിക്കാറുണ്ട്. ഫീൽഡുകൾ സന്ദർശിക്കാറുണ്ട്. നാഷണൽ ഹൈവേയുടെ ഒരോ സ്ട്രെച്ചിലും ഇറങ്ങി പരിശോധന നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത നിർമാണത്തിനായി സംസ്ഥാന സർക്കാർ ഫണ്ട് ചെലവഴിച്ചത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി സൂചിപ്പിച്ചു. കേന്ദ്ര മന്ത്രിയും എൻഎച്ച്എഐയും കേരള സർക്കാർ എടുത്ത നടപടിയെ അഭിനന്ദിച്ചിട്ടുണ്ട്. മറ്റ് വികസനങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട തുകയാണ് ദേശീയപാത വികസനത്തിനായി ചലവഴിച്ചത്. വായ്പ പരിധി വെട്ടിക്കുറച്ചതിന് ശേഷം 12 കോടിരൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ മലയാളിയും പറയും ദേശീയപാത അഭിമാനമാണെന്ന്. മലപ്പുറം കഴിഞ്ഞാൽ ചില വിഷയങ്ങളുളള ചെങ്ങളം മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെയുളള സ്ട്രെച്ച് പൂർത്തീകരിക്കാനാകും, അതായത് കാസർകോട് മുതൽ തൃശൂർ ചാവക്കാട് വരെയുളള ദേശീയപാത നിർമാണം പൂർത്തീകരിക്കും. തിരുവനന്തപുരത്തെ ബൈപ്പാസും പാലങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. 2011-2016 കാലഘട്ടത്തിൽ റോഡിന്റെ വീതി സംബന്ധിച്ച് നടന്ന ചർച്ചയിൽ ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ അന്ന് പറഞ്ഞത് 45 മീറ്ററിൽ ആറുവരി പാത തന്നെ വേണമെന്നാണ്. അന്ന് സിപിഐഎം എടുത്ത നിലപാട് എത്ര ശരിയാണ്, പ്രതിപക്ഷമായാൽ എങ്ങനെ ഇടപെടണമെന്നുളളതിന്റെ മാതൃകയാണിതെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാത നിർമാണത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നിന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ടുവെന്ന് കരുതി റീത്ത് വെച്ച പദ്ധതി യാഥാർത്ഥ്യമായിരിക്കുകയാണ്. കണ്ണൂരിൽ നിന്നും തൃശൂരിലെത്താൻ ഇനി കുറച്ച് സമയമെ എടുക്കുകയുള്ളു. ഇത് വലിയ മാറ്റമാണ്. ഇതിനെ പല വാദങ്ങളും വിവാദങ്ങളും നടത്തി ചിലർ തടയാൻ ശ്രമിച്ചിരുന്നു. നിശ്ചയദാർഢ്യമുളള മുഖ്യമന്ത്രി ഉളളതുകൊണ്ട് മാത്രമാണ് പദ്ധതി യാഥാർത്ഥ്യമായത്. നമ്മുടെ നാടിന്റെ സ്വപ്ന പദ്ധതിയാണിതെന്നും പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Content Highlights: Minister Riyas Says the Construction of National Highway is Completed in December 2025