95 വയസുള്ള സത്രീ കൊല്ലപ്പെട്ടെന്നാണ് ആദ്യ വിവരം; മൃതദേഹം കണ്ടത് ബന്ധു, കൊല നടന്നത് മൂന്ന് സ്റ്റേഷന്‍പരിധികളിൽ

ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലയുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞത് പ്രതിയുടെ മുത്തശ്ശിയുടെ മരണം. പാങ്ങോട് 95 കാരി സൽമാ ബീവി മരണപ്പെട്ടതായുള്ള വിവരമാണ് ആദ്യം ലഭിച്ചതെന്ന് പാങ്ങോട് എസ്എച്ച്ഒ വിനേഷ് പ്രതികരിച്ചു. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവായ പെൺകുട്ടിയാണ് ആദ്യം ഇത് കാണുന്നതെന്നും എസ്എച്ച്ഒ പറഞ്ഞു. പ്രതിയുടെ പിതാവിന്റെ ഉമ്മയാണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ഇവർ ഒറ്റയ്ക്ക് ഒരു വീട്ടിലാണ് താമസം.

ഇതിനിടെയാണ് പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുന്നതും വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതും. മൂന്ന് സ്റ്റേഷന്‍ പരിധിയിലാണ് കൊല നടന്നിരിക്കുന്നത്.

വൈകിട്ട് അഞ്ചരമണിക്കാണ് മുത്തശ്ശി മരിച്ചുകിടക്കുന്നത് ബന്ധു കാണുന്നത്. അതിനും നാല് മണിക്കൂര്‍ മുമ്പാണ് കൊല നടന്നതെന്നാണ് സൂചന. ആദ്യത്തെ കൊലപാതകം ആണോ ഇതെന്നതില്‍ വ്യക്തമല്ലെന്നും എസ്എച്ച്ഒ വിശദീകരിച്ചു.

മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തുന്നത്. അവിടെ വെച്ച് ഉമ്മയെയും സഹോദരനെയും കാമുകിയെയും വെട്ടുകയായിരുന്നു. മൂന്നുപേരും മരിച്ചെന്ന ഉറപ്പില്‍ പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് വീടുവിട്ടിറങ്ങിയത്. എന്നാല്‍ മാതാവ് മരിച്ചിരുന്നില്ല. മാതാവ് ഷെമീന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. സ്വന്തം വീട്ടില്‍ നിന്നിറങ്ങിയ പ്രതി ചൂള്ളാളത്തെ വീട്ടിലെത്തിയാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്.

ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. എന്താണ് പ്രതിയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

Content Highlights: Thiruvananthapuram death police first information old woman death

dot image
To advertise here,contact us
dot image