
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ മരിച്ച അഞ്ച് പേരെയും സംസ്കരിച്ചു. പ്രതിയായ അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് പൂർത്തിയായത്. അഫാൻ്റെ പെൺസുഹൃത്തായിരുന്ന ഫർസാനയുടെ സംസ്കാര ചടങ്ങുകളായിരുന്നു ആദ്യം പൂർത്തിയായത്. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കരിച്ചു. പ്രതിയുടെ അനുജൻ അഹ്സാൻ്റെയുൾപ്പടെ ബാക്കി നാല് പേരുടെയും മൃതദേഹം പേരുമല ജംഗ്ഷനിൽ പൊതുദർശനത്തിന് ശേഷം താഴെ പാങ്ങോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. പൊതുദർശനത്തിന് വൻ ജനാവലിയാണ് എത്തിചേർന്നത്.
അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. അല്‍പസമയത്തിനകം ഫോറന്‍സിക് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് വിവരം കൈമാറും.
കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.
ചോദിച്ച സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.
പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.
content highlights- All the five people who were killed in Venjaramood were cremated