
തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രീവരാഹം ഡിവിഷനിൽ സിപിഐ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത് 12 വോട്ടിന്. വി ഹരികുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി മിനിയെ പന്ത്രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന എസ് വിജയകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറിന് 277 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ അപര സ്ഥാനാര്‍ത്ഥികളായ ഹരികുമാര്‍ ബി, ഹരികുമാര്‍ വി എന്നിവര്‍ ചേര്‍ന്ന് 53 വോട്ടുകള്‍ നേടിയിരുന്നു. അപരന്മാർ രംഗത്ത് വന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ഇടതുമുന്നണിയ്ക്ക് നേട്ടമായി.
തിരുവനന്തപുരത്ത് ശ്രീവരാഹം വാര്‍ഡിന് പുറമെ കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. കൊച്ചുപള്ളിയില്‍ സിപിഐഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പുളിങ്കോട് യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. പാങ്ങോട് പുലിപ്പാറയില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു.
Content Highlights: CPIM wins in Thiruvananthapuram Sreevaraham ward