ഹോട്ടലിൽ ആക്രമണം നടത്തിയതിൽ കേസ്; പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം റിപ്പോർട്ട് നൽകും

പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടും

dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം. വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും മറ്റൊരു കേസിൽ പ്രതിയായ കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെടും

കഴിഞ്ഞ ദിവസം ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ സുനിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൾസർ‌ സുനിയുടെ ജാമ്യം റദ്ദാക്കാനുളള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് കേസ്. ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടൽ ജീവനക്കാരോട് 'നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാ​ഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം' എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പിന്നാലെ ഭാരതീയ ന്യായ സംഹിതയുടെ 296(b), 351(2), 324(4) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയതിനിടയിലാണ് വീണ്ടും പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlights: Enquiry Team will Submit a Report in Court for Cancel Pulsar Suni Bail

dot image
To advertise here,contact us
dot image