പി സി ജോർജ് ഐസിയുവിൽ; ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിൽ സബ് ജയിലിലേക്ക് മാറ്റും

ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാൽ ഡോക്ടർമാർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു

dot image

കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. പി സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പി സി ജോർജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാൽ ഡോക്ടർമാർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിൽ പ്രതിയായ പി സി ജോർജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റും. ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

പി സി ജോർജിൻ്റെ ജാമ്യാപക്ഷേ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു.

ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

മുപ്പതുവര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി പറഞ്ഞിരുന്നു. പി സി ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights: PC George in ICU if There is Improvement in Health Condition will be Transferred to the Sub Jail

dot image
To advertise here,contact us
dot image