
തിരുവനന്തപുരം: സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണിത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
നിലവിൽ ചുങ്കത്തറ എൽഡിഎഫ് അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വഹിച്ചത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. കഴിഞ്ഞ ദിവസം നുസൈബ സുധീറിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി വി അൻവറിൻ്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ചുങ്കത്തറ പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണികൾക്കും പത്ത് വീതം അംഗങ്ങളാണുള്ളത്. അതിനാൽ തന്നെ നുസൈബയുടെ നിലപാടാണ് യുഡിഎഫിൻ്റെ അവിശ്വാസം പാസാകുന്നതിൽ നിർണായകമായത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നു. ഇതിനിടെ പി വി അൻവർ എംഎൽഎയെ എൽഡിഎഫ് പ്രവർത്തകർ കടയിൽ പൂട്ടിയിട്ടു. പിന്നീട് ആര്യാടൻ ഷൗക്കത്തും ഉൾപ്പെടെയുളളവർ എത്തി ഷട്ടർ തുറന്നുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചുങ്കത്തറയിൽ യുഡിഎഫിനും എൽഡിഎഫിനും 10 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. കക്ഷിനില തുല്യമായതിനെ തുടർന്ന് യുഡിഎഫിലെ വത്സല സെബാസ്റ്റ്യൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ പ്രസിഡന്റ് തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് 14-ാം വാർഡിൽ നിന്നും ലീഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ അവിശ്വാസത്തിലൂടെ യുഡിഎഫ് പ്രസിഡൻ്റ് പുറത്താകുകയായിരുന്നു. പിന്നീട് ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായ നജ്മുന്നീസ ഒൻപതിനെതിരെ11 വോട്ടുകൾക്ക് യുഡിഎഫിൻ്റെ നിഷിദ മുഹമ്മദലിയെ പരാജയപ്പെടുത്തി പ്രസിഡൻ്റായിരുന്നു.
Content Highlight: PV Anvar says CPIM leader will join TMC soon