വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; കുറ്റകൃത്യത്തിന് ശേഷം കുളിച്ചു, മദ്യപിച്ചിരുന്നെന്നും പ്രതിയുടെ ആദ്യമൊഴി

പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നി​ഗമനം

dot image

തിരുവനന്തപുരം: ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു പ്രതി സ്റ്റേഷനിലെത്തിയത്. എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം കുളിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നി​ഗമനം. ഫർസാനയുമായി ജീവിക്കാൻ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. കുടുംബത്തിന് സാമ്പത്തിക ബുദ്ധി ബുദ്ധിമുട്ടുള്ളതിനാൽ വീട്ടിൽ നിന്നും അഫാന് പണം ലഭിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകത്തിന് കാരണമായിട്ടുണ്ടാകാം എന്ന നി​ഗമനത്തിലാണ് പൊലീസ്.

ഇന്നലെ രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷോൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൂടുതൽ സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു.

ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടില്‍ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.

Content Highlights: The first statement of the Venjaramoodu Murder accused Afan

dot image
To advertise here,contact us
dot image