'മാല ഊരി നൽകാൻ അഫാൻ ആവശ്യപ്പെട്ടു, മരിച്ചാൽ ചെലവാക്കാൻ ഇതല്ലാതെ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞു'; മകൻ

ഇളയ മകന്റെ പുത്രനായതിനാൽ സൽമ ബീവിക്ക് അഫാനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതി അഫാൻ കൊല്ലപ്പെട്ട സൽമ ബീവിയെ കാണാൻ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് മകൻ ബദറുദ്ദീൻ. കൊലപാതകത്തിന് നാല് ദിവസം മുമ്പ് അഫാൻ വീട്ടിൽ വന്നിരുന്നു. സഹോദരന്റെ ഫീസ് അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് ഉമ്മയോട് മാല ചോദിച്ചതായും ബദറുദ്ദീൻ പറഞ്ഞു.

സഹോദരൻ ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്താൻ എന്താണ് കാരണമെന്ന് തനിക്ക് അറിയില്ലെന്നും ബ​ദറുദ്ദീൻ പറഞ്ഞു. അഫാൻ മിക്ക ദിവസങ്ങളിലും വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഉമ്മ കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പും പ്രതി വീട്ടിൽ വന്നിരുന്നു. അനിയൻ അഫ്സാന്റെ ഫീസ് അടയ്ക്കണം. അതിനായി കഴുത്തിലെ മാല ഊരിത്തരണമെന്ന് അഫാൻ ആവശ്യപ്പെട്ടു. ഉമ്മാന്റെ ചെറിയ മാലയായിരുന്നു ചോദിച്ചത്. പണയം വെച്ച പൈസ കൊണ്ട് ഫീസ് അടയ്ക്കണം. പിന്നീട് എടുത്തുതരാമെന്നും അഫാൻ പറഞ്ഞതായി ബദറുദ്ദീൻ പറഞ്ഞു.

ഒരു വർഷം മുമ്പ് അഫാന് ഉമ്മാന്റെ മോതിരം കൊടുത്തിരുന്നു. അന്നും മാല ചോദിച്ചപ്പോൾ കൊടുത്തിരുന്നില്ല. ഉമ്മാന്റെ മരണത്തിന് ശേഷം ചെലവാക്കാൻ ഈ മാല മാത്രമേയുളളൂ എന്ന് പറഞ്ഞു. അതുകൊണ്ട് തരൂല്ല എന്ന് പറഞ്ഞപ്പോൾ അഫാൻ ഒന്നും മിണ്ടാതെ വീട്ടിൽ നിന്ന് ഇറങ്ങി എന്നും ബദറുദ്ദീൻ വ്യക്തമാക്കി.

കൊല്ലപ്പെട്ട ലത്തീഫിന്റെ കയ്യിൽ നിന്നും അഫാന്റെ ഉമ്മ പണം വാങ്ങിയിരുന്നു, ഒന്നര ലക്ഷം കൊടുത്തിട്ടുണ്ട്. അഫാൻ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്നു എന്ന് മാത്രമേ അറിയൂ. വേറെ ഒന്നും അറിയില്ലെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു. സൽമ ബീവിയുടെ പതിനൊന്ന് മക്കളിൽ ഏറ്റവും ഇളയ മകനായ റഹീമിന്റെ മകനാണ് അഫാൻ. ഇളയ മകന്റെ പുത്രനായതിനാൽ സൽമ ബീവിക്ക് അഫാനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയായിരുന്ന സമയത്ത് സൽമ ബീവിയാണ് അഫാനെ വളർത്തിയത്. വീട്ടിലേക്ക് വരുമ്പോഴല്ലാം സൽമ ബീവി അഫാന് പണം നൽകാറുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

അതേസമയം, പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടർ അനുമതി നൽകിയാൽ പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും. ഡോക്ടർമാരുടെ അനുമതിയോടെ ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് ആലോചന.

അഫാൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികൾ. ആശുപത്രിയിൽ നിന്നും വിടുതൽ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൂടുതൽ സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.

Conent Highlights: Venjaramood Murder Case Afan Wants Gold Chain to Salma Beevi Says by Her Son Badruddin

dot image
To advertise here,contact us
dot image