
കണ്ണൂര്‍: തിരുവനന്തപുരം പാങ്ങോട് കോണ്‍ഗ്രസ് വാര്‍ഡില്‍ എസ്ഡിപിഐയുടെ വിജയത്തില്‍ കോണ്‍ഗ്രസിന്റെ കൈത്താങ്ങുണ്ടെന്ന ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. എസ്ഡിപിഐക്ക് വോട്ട് കൂടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ ബാക്കി വോട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിക്കുന്നു.
'പാലക്കാട് സഹായത്തിന് എസ്ഡിപിഐക്ക് കോണ്‍ഗ്രസിന്റെ ഒരു കൈത്താങ്ങ്. പാങ്ങോട് 2020ല്‍ 363 വോട്ട് മാത്രം ഉണ്ടായ എസ്ഡിപിഐക്ക് ഇത്തവണ 674 ലഭിച്ചപ്പോള്‍ 455 ലഭിച്ചിരുന്ന കോണ്‍ഗ്രസിന് 148 മാത്രം. ബാക്കി വോട്ട് എവിടെ പോയി കോണ്‍ഗ്രസേ', എം വി ജയരാജന്‍ കുറിച്ചു.
അതേസമയം പാങ്ങോട് എസ്ഡിപിഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പ്രതികരിച്ചിരുന്നു. പാര്‍ട്ടി വിഷയം പരിശോധിക്കണമെന്നും മതേതര ചേരിയില്‍ ഇല്ലാത്ത ഒരു പാര്‍ട്ടി ജയിക്കുന്നത് ഗൗരവമുള്ള വിഷയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനെ പാലക്കാട് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാന്‍ സിപിഐഎം ശ്രമിക്കേണ്ട. പാലക്കാട് ജനത ഒന്നാകെയാണ് തന്നെ വിജയിപ്പിച്ചത്. തന്റെ വിജയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എസ്ഡിപിഐയുമായി ചേര്‍ന്ന് പ്രകടനം നടത്തിയിട്ടില്ല. എസ്ഡിപിഐ പ്രകടനം നടത്തിയത് ക്രമസമാധാന പ്രശ്നമാണെങ്കില്‍ അത് തടയേണ്ടത് പൊലീസ് ആണ്. എസ്ഡിപിഐയെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: M V Jayarajan says Pangode SDPI win support of Congress