
മലപ്പുറം: ഭീഷണി പ്രസംഗവുമായി പി വി അൻവർ രംഗത്ത്. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അൻവറിന്‍റെ ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഐഎം നേതാക്കൾക്കുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു തർക്കവുമില്ല, തലയ്ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല.
മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിൻ്റെ ഭർത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. കുടുംബം അടക്കമുള്ളവരുടെ പണി തീർത്തുകളയുമെന്നാണ് വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
കഴിഞ്ഞ ദിവസം നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. പിവി അൻവറിന്റെ പിന്തുണയോടെയായിരുന്നു പഞ്ചായത്തിലെ ഭരണമാറ്റം. എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസം പാസായി. ഒൻപതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ഇടത് അംഗമായ നുസൈബ സുധീർ യുഡിഎഫിന് വോട്ടുചെയ്തു.
Content Highlights: PV Anwar with a threatening speech