
കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സജി തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി.
മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു.
സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ തങ്ങളെ സഹായിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. എന്നാല്‍ സജിയുടെ ഇപ്പോഴത്തെ നീക്കം ബിജെപിക്ക് തിരിച്ചടിയാണ്.
സജി മടങ്ങുന്നതോടെ എന്‍ഡിഎക്കൊപ്പം ഇനി ഒരു കേരള കോണ്‍ഗ്രസ് വിഭാഗമാണുണ്ടാവുക. കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസാണത്. ഇന്ന് പി വി അന്‍വര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ സജി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Saji Manjakadambil left the NDA alliance and joined the Trinamool Congress