ആശാ വർക്കർമാരുടെ സമരം ഇന്ന് പതിനേഴാം ദിവസം; ഓണറേറിയം വർധനയിൽ തീരുമാനമാകും വരെ സമരമെന്ന് പ്രതിഷേധക്കാർ

ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്

dot image

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം. ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം) ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയ കത്തിന് എതിരെ ആശമാർ രംഗത്തെത്തിയിട്ടുണ്ട്. എൻഎച്ച്എമ്മിന്‍റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.

സമരത്തിലുള്ള ആശമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർമാർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറകടറുടെ നിർദേശം. എൻഎച്ച്എമ്മിനും ലേബർ കമ്മീഷണർക്കും നിയമ പ്രകാരം നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തുന്നതെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ അറിയിച്ചു.

ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായി ഇന്നലെ സിഐടിയു ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി പ്രേമയും രംഗത്തെത്തിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്നും നിലവിലെ സമരം നയിക്കുന്നത് തൊഴിലാളികള്‍ അല്ലെന്നുമായിരുന്നു പി പി പ്രേമയുടെ ആരോപണം. 'സമരം നടത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നിലാണ്. കേന്ദ്രവിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടില്ല. സമരം ചെയ്യേണ്ട സ്ഥലം മാറിപ്പോയി. കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് സിപിഐടി തയ്യാറാണെന്നും പി പി പ്രേമ പ്രതികരിച്ചിരുന്നു.

Content Highlights: Today is the 17th day of the indefinite strike of Asha workers

dot image
To advertise here,contact us
dot image