വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്‍ റിമാന്‍ഡില്‍; ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ തുടരും

പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു

dot image

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനെ റിമാന്‍ഡ് ചെയ്തു. എലി വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് അഫാനെ മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ഇയാള്‍ തുടരും.

പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നെടുമങ്ങാട് കോടതി രണ്ട് മജിസ്‌ട്രേറ്റ് പി ആര്‍ അക്ഷയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി അഫാനെ റിമാന്‍ഡ് ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്‌സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയിരുന്നു.

വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാന്‍ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരില്‍ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും മുത്തശ്ശിയും കാര്യമായി സഹായിച്ചിരുന്നില്ലെന്നും അഫാന്‍ വ്യക്തമാക്കിയിരുന്നു. കടബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ സഹായിച്ചില്ല. നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തു. ഈ കാരണത്താല്‍ ഇവരോട് പകയുണ്ടായിരുന്നതായും അഫാന്റെ മൊഴിയിലുണ്ടായിരുന്നു.

Content Highlights- accused afan remanded on venjarammoodu murder case

dot image
To advertise here,contact us
dot image