
കോന്നി: പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരാതിക്കിടയാക്കിയ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവായ വ്യക്തിയാണ് മൊബെെലില്‍ പകർത്തിയത്. ബെൽറ്റ് പോലെയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി വേദന കൊണ്ട് കരയുന്നതും രാജേഷ് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Content Highlight: Father arrested for brutally attacking 13 year old son in Pathanamthitta