
കൊച്ചി: കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്‍. സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.
ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ഇതിനിടെ ജോലി തേടി ഗാലിബ് യുഎഇയിലേക്ക് പോയി. ഇതിനിടെ ആശയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചു. ഇക്കാര്യം ആശ ഗാലിബിനെ അറിയിച്ചു. തുടര്‍ന്ന് ഗാലിബ് നാട്ടിലെത്തി. ഇതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്‌നമുണ്ടാക്കുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരമാണ് ഗാലിബും ആശയും ആലപ്പുഴയില്‍ എത്തിയത്. ഫെബ്രുവരി ഒന്‍പതിന് ആലപ്പുഴയില്‍ എത്തിയ ഇരുവരും ഫെബ്രുവരി പതിനൊന്നിന് വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ തങ്ങള്‍ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികള്‍ പറഞ്ഞിരുന്നു.
ഗാലിബിനും ആശയ്ക്കും സംരക്ഷണമൊരുക്കുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ പറഞ്ഞിരുന്നു. ആശയും ഗാലിബും വര്‍ഷങ്ങളായി സ്നേഹബന്ധത്തിലുള്ളവരാണ്. വിവാഹ ശേഷവും ഇരുവരും മതം മാറിയിട്ടില്ല. ഇരുവരുടെയും മത വിശ്വാസങ്ങളില്‍ തുടരുന്നു. ആശ ഗാലിബിനൊപ്പം എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഇക്കാര്യം ജാര്‍ഖണ്ഡ് പൊലീസിനേയും അറിയിച്ചിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
Content Highlights- high court order to protect khalib and asha who got married in Alappuzha