
കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വിജയകരമായി നടത്തിയ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാർ ശ്രമം ശ്ലാഘനീയമെന്ന് സഭാ സിനഡ് അഭിപ്രായപ്പെട്ടു. നാട്ടിൽ തൊഴിൽമേഖല വളർന്നാൽ കുടിയേറ്റം അവസാനിക്കും. അതുകൊണ്ടുതന്നെ പ്രവാസികളും പ്രതീക്ഷയോടെയാണ് കേരള ഗ്ലോബൽ സമ്മിറ്റിനെ കാണുന്നതെന്ന് സഭാ സിനഡ് പറഞ്ഞു.
നിക്ഷേപ താത്പര്യങ്ങൾ കൃത്യമായ ആസൂത്രണത്തിൽ നടപ്പിലാക്കിയാൽ കേരളത്തിലെ ഭാവിതലമുറ ശോഭനമാവുമെന്നും സഭാ സിനഡ് ചൂണ്ടിക്കാട്ടി. വികസനത്തിൻ്റെ കാര്യത്തിൽ സർക്കാരുകൾ കൈകോർക്കുന്നത് അഭിനന്ദനാർഹം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷ. 1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത പ്രശംസനീയമാണെന്നും സഭാ സിന്ഡ അറിയിച്ചു.
കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ 21, 22 തീയതികളിലായിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിച്ചത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുത്തു. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളായി. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിക്കെത്തിയിരുന്നു. ഗ്ലോബൽ സമ്മിറ്റിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം വന്‍ വിജയമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Content Highlights- Invest Kerala Global Summit; Orthodox Church praises the state government