കള്ളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം; പിന്നിൽ സിപിഐഎം എന്ന് കോൺ​ഗ്രസ്

സിപിഐഎം പാർട്ടി വിഭാഗീയത കാരണം സ്പിരിറ്റിലെ ലഭ്യത ഇല്ലാത്തതു കൊണ്ടാവും പുതിയ വഴി തേടിയതെന്നും കോൺഗ്രസ്

dot image

പാലക്കാട്: കള്ളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന വാദവുമായി കോൺ​ഗ്രസ്. ഇരു ഷാപ്പുകളുടേയും ലൈസൻസി സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസിന്റെ വിമർശനം. സിപിഐഎം പാർട്ടി വിഭാഗീയത കാരണം സ്പിരിറ്റിന്‍റെ ലഭ്യത ഇല്ലാത്തതു കൊണ്ടാവും പുതിയ വഴി തേടിയത്. ചിറ്റൂർ മേഖലയിൽ കള്ള് ഷാപ്പ് നടത്തിപ്പുകാരും സിപിഐഎം നേതാക്കളും എക്സൈസിലെ ചില ഉദ്യോഗസ്ഥരും ചേർന്നുള്ള നെക്സസ് ആണ് പ്രവൃത്തികൾ നിയന്ത്രിക്കുന്നതെന്നും കോൺ​ഗ്രസ് ആരോപിച്ചു. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷാപ്പുകളുടെ ലൈസൻസി. കഫ്സിറപ്പും ഡയസിഫാം എന്ന രാസപദാർത്ഥത്തിൻ്റെ അംശവും കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഷാപ്പ് പൂട്ടിയിട്ടില്ലെന്നും കോൺ​ഗ്രസ് പറയുന്നു.

സിപിഐഎം കുമാരന്നൂർ ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ് ഷാപ്പുകൾ നടത്തുന്നതെന്നാണ് നി​ഗമനം. ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിൽ നിന്നാണ് ചുമമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേർക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ​ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരേ ലൈസൻസിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളിൽ വിൽക്കുന്ന കള്ളിൽ നിന്നും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം കള്ളിൽ കലർത്തിയിരിക്കുകയെന്നാണ് എഖ്സൈസിന്റെ നി​ഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കള്ള് ഷാപ്പുകളിൽ വ്യാപകമായി അന്വേഷണം നടത്താനാണ് എക്സൈസിൻ്റെ നീക്കം. എന്നാൽ ഫലം ലഭിക്കാൻ മാസങ്ങളെടുക്കുമെന്നത് അധികൃതർക്ക് വെല്ലുവിളിയാണ്.

Content Highlight: Presence of cough syrup in toddy; Congress alleges the culprit is CPIM

dot image
To advertise here,contact us
dot image