
പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേർക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരേ ലൈസൻസിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളിൽ വിൽക്കുന്ന കള്ളിൽ നിന്നും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം കള്ളിൽ കലർത്തിയിരിക്കുകയെന്നാണ് എക്സെെസിന്‍റെ നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കള്ള് ഷാപ്പുകളിൽ വ്യാപകമായി അന്വേഷണം നടത്താനാണ് എക്സൈസിൻ്റെ നീക്കം. എന്നാൽ ഫലം ലഭിക്കാൻ മാസങ്ങളെടുക്കുമെന്നത് അധികൃതർക്ക് വെല്ലുവിളിയാണ്.
Content Highlight: Presence of cough syrup in toddy in Chittoor; Excise doubts use of expired syrups