'ആ പോരാട്ടവീര്യത്തിന് മുന്നില്‍ സ്മരണാഞ്ജലി'; ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ എന്നും പയറ്റിയതെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ കൊലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ എന്നും പയറ്റിയതെന്നും 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവെയ്പില്‍ ഇഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ വെന്തുമരിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2002 ഫെബ്രുവരി 28 ന് കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഇഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികള്‍ അഭയം തേടിയെത്തിയതെന്ന് മുഖ്യമന്ത്രി കുറിച്ചു. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഇഹ്‌സാന്‍ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വര്‍ഷത്തെ ദീര്‍ഘ സമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിന് കീഴടങ്ങിയത്. ആ ഘട്ടത്തിലും അവര്‍ക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നതാണ് ഇഹ്‌സാന്റേയും സാകിയയുടേയും ജീവിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights- CM Pinarayi vijayan wrote about former mp ehsan jafri who killed by sanghparivar in gujarat riot

dot image
To advertise here,contact us
dot image