
തിരുവനന്തപുരം: സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാനകാല സിനിമകളിൽ വയലൻസ് രംഗങ്ങൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രേംകുമാറിന്റെ വിമർശനം. സിനിമകള്‍ മനുഷ്യനിലെ വന്യത ഉണര്‍ത്തുന്നു. കൊലപാതകങ്ങളെ പോലും ആഘോഷമാക്കുന്നു. ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ വിമർശിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു പ്രേംകുമാറിന്റെ വിമർശനം. '
സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിങ് സംവിധാനം ഉണ്ടെന്ന് പ്രേംകുമാർ പറഞ്ഞു. എന്നാൽ സെന്‍സറിങ് സംവിധാനത്തെ മറികടന്നുകൊണ്ട് പല സിനിമകളും ക്രൂരതയുടെയും പൈശാചികതയുടെയും അങ്ങേയറ്റമാണ് കാണിക്കുന്നത്. സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് എങ്ങനെയാണ് പ്രദർശന അനുമതി നേടുന്നത് എന്നത് അത്ഭുതമാണെന്നും പ്രേംകുമാർ പറഞ്ഞു.
ടെലിവിഷനില്‍ സെന്‍സറിങ് സംവിധാനം ഇല്ലാത്ത അവസ്ഥയില്‍ അത് സൃഷ്ടിക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്വം പാലിക്കേണ്ടതുണ്ടെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. കല കൈകാര്യം ചെയ്യുന്നത് വലിയ ജനസമൂഹത്തെയാണ്. അതുകൊണ്ടുതന്നെ കലാ പ്രവർത്തനം, കലാകാരൻ, കലാസൃഷ്ടിയൊക്കെ പാളി പോയാൽ അത് വലിയൊരു ജനതയെ അപചയത്തിലേക്ക് നയിക്കും. ആ തിരിച്ചറിവ് അത് കൈകാര്യം ചെയ്യുന്നവർക്ക് വേണമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേർത്തു.
Content Highlights: Film Academy Chairman Premkumar criticizes films