
തിരുവനന്തപുരം: മുള്ളറംകോട് ഗവൺമെന്റ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ 'മന്ത്രി അപ്പൂപ്പന്റെ വീട് കാണണ'മെന്ന ആഗ്രഹം സഫലമായി. കുട്ടികൾ ഇന്ന് മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് സന്ദർശിച്ചു. റോസ് ഹൗസ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് കാട്ടി കുഞ്ഞുങ്ങൾ മന്ത്രിക്ക് കത്തയച്ചിരുന്നു. കുഞ്ഞുങ്ങളെ മധുരം നൽകിയാണ് മന്ത്രി സ്വീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി കാണണമെന്ന ആഗ്രഹം പങ്കുവെച്ച് മുള്ളറംകോട് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ കത്തയച്ചത്. 'മന്ത്രി അപ്പൂപ്പൻ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് ഞങ്ങൾ കത്തെഴുതുന്നത്', എന്ന ആമുഖത്തോടെയായിരുന്നു കുട്ടികളുടെ കത്ത്. 'കുഞ്ഞുങ്ങളേ സ്വാഗതം' എന്ന തലക്കെട്ടോടെ കുട്ടികള്‍ അയച്ച കത്ത് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ഇതിന് പിന്നാലെ കുട്ടികളുടെ ആഗ്രഹം സഫലമാകുന്നു എന്ന് പറഞ്ഞ് മന്ത്രി മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു. കുഞ്ഞുങ്ങളുടെ കത്ത് ലഭിച്ചതിന് പിന്നാലെ റോസ് ഹൗസ് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിധത്തില്‍ തീയതിയും സമയവും സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നും അങ്ങനെ കുഞ്ഞുങ്ങള്‍ ഏറെ ആഗ്രഹിച്ച സുദിനം സമാഗതമായിരിക്കുകയാണെന്നുമായിരുന്നു മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്. കുട്ടികൾക്കായി ഇത്തരത്തിലൊരു അവസരം ഒരുക്കിയ മന്ത്രിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights- GLPS Mullaramcode Students Visit Rose House