
തിരുവനന്തപുരം: പാർട്ടിക്കകത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് സമ്മേളനങ്ങൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരളത്തിനുള്ള പുതിയ വഴികൾ പിണറായി വിജയൻ അവതരിപ്പിക്കും. പുതിയ മാറ്റങ്ങൾ സംബന്ധിച്ച ചർച്ച സമ്മേളനത്തിലുണ്ടാകും. ഭരണത്തുടർച്ചക്ക് ദിശാബോധം നൽകുന്ന ചർച്ചകൾ നടക്കും. ഉപതിരഞ്ഞെടുപ്പിൽ ഏഴ് വാർഡുകളിൽ കോൺഗ്രസ് മൂന്നാമതാണ്. കോൺഗ്രസ് വാർഡിൽ എസ്ഡിപിഐ ജയിച്ചു. 465 വോട്ടുകൾ കിട്ടിയ സ്ഥലത്ത് 148 വോട്ടുകളാണ് കിട്ടിയത്. യുഡിഎഫ് വോട്ട് എസ്ഡിപിഐക്ക് അനുകൂലമായി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ് വോട്ട് വർധിപ്പിച്ചു. എസ്ഡിപിഐയെ ജയിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കുപോക്കുകളായി ഇതിനെ കാണണം. തിരുവനന്തപുരം കോർപ്പറേഷൻ ശ്രീവരാഹം ഡിവിഷനിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് നൽകി. കോൺഗ്രസ് വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരള തീരത്ത് കടൽ ഖനനത്തിനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് എൽഡിഎഫും സിപിഐഎമ്മും ഉയർത്തി. സർക്കാരിനെക്കുറിച്ച് ജനങ്ങളുടെ താത്പര്യം കൂടി. ആശാവർക്കർമാർ ശത്രുവല്ല, അദാനിയും അമ്പാനിയുമെല്ലാമാണ് ശത്രുക്കൾ. ആശമാർക്ക് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് കേരളത്തിലാണ്. അവരുടെ പ്രശ്നം പരിഹരിക്കണം. ആശ വർക്കർമാരുടെ സമരം തുടങ്ങിയത് സിഐടിയുവാണ്. സമരവും, നേതൃത്വം നൽകുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. നേതൃത്വത്തിൽ എസ്ഡിപിഐ ഉണ്ട്, ജമാഅത്തെയുണ്ട്, എസ്യുസിഐ ഉണ്ട്. കേരളത്തിൻ്റെ വികസനത്തിന് എതിരായ ടീമാണിതെന്നും അദ്ദേഹം ആരോപിച്ചു. മൂന്നാം ടേമിൽ അധികാരത്തിലെത്തുമെന്നും പിണറായിയുടെ ഇളവ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
Content Highlights: m v govindan on local body election results