
കണ്ണൂര്‍: കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിന്റെ മർദ്ദനത്തിന് ഇരയായ നൈജീരിയൻ തടവുകാരിയെ ജയിൽ മാറ്റി. ലഹരി കേസിൽ ശിക്ഷിക്കപ്പെട്ട നൈജീരിയന്‍ സ്വദേശി കെൻ സിംപു ജൂലിയെയാണ് ജയിൽ മാറ്റിയത്. കണ്ണൂർ വനിതാ ജയിലിൽ നിന്നും തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് ജൂലിയെ മാറ്റിയത്. ജൂലിയെ മർദ്ദിച്ചതിന് കഴിഞ്ഞ ദിവസം ഷെറിൻ, ഷബ്ന എന്നീ തടവുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് നൈജീരിയൻ തടവുകാരിയെ മര്‍ദ്ദിക്കുകയായിരുന്നു. ഷെറിന് ശിക്ഷായിളവ് നല്‍കണമെന്ന് മന്ത്രിസഭയുടെ ഉത്തരവ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ഷെറിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു.
2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.
2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ഷെറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.
Content Highlights: The Nigerian prisoner has been transferred to prison,who was beaten up by Karanavar murder case accused Sherin