
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോയെന്നും പി ജെ കുര്യൻ ചോദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടത്. തരൂരിനെ പരിഗണിച്ചില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്നും പി ജെ കുര്യൻ പറഞ്ഞു.
തരൂർ തിരുവനന്തപുരത്ത് ഉള്ളതിനേക്കാൾ കൂടുതൽ വിദേശത്താണ്. ആദ്യം കോൺഗ്രസിൻ്റെ മണ്ഡലം, ബ്ലോക്ക് യോഗങ്ങളിലെല്ലാം പങ്കെടുത്ത് പ്രവർത്തിക്കണം. തരൂർ പറയുന്നതിൽ ഒരടിസ്ഥാനവുമില്ല. അദ്ദേഹത്തെ വന്നയുടൻ എംപിയും മന്ത്രിയുമാക്കിയെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു. വ്യക്തികളുടെ അഭിപ്രായത്തിൽ കാര്യമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂർ ഇന്ത്യൻ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങൾ പുറത്തുവന്നത്. ഇത് കോൺഗ്രസിൽ വലിയ ചലനത്തിന് വഴിവെച്ചിരുന്നു. എന്നാൽ പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് വളച്ചൊടിച്ചെന്നായിരുന്നു ശശി തരൂരിൻറെ പ്രതികരണം.
കേരളത്തിൽ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവർത്തകരില്ല എന്ന തോന്നൽ പലർക്കുമുണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്നും ശശി തരൂർ കഴിഞ്ഞദിവസം വ്യക്തമാക്കി. വാർത്തകൾ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകർഷിക്കാൻ വേണ്ടിയും ചെയ്ത കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തേ അഭിമുഖത്തിന്റെ പേരിൽ വിമർശനമുയർന്നപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ശശി തരൂർ ഉറച്ചുനിന്നിരുന്നു.
Content Highlights: PJ Kurien criticized Shashi Tharoor