
കൊച്ചി: എംഡിഎംഎ കേസിൽ മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ അഭിനന്ദിച്ച വിഎസ്ഡിപി നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലഹരി വിരുദ്ധ പോരാട്ടത്തിൽ വിഷ്ണുപുരം ചന്ദ്രശേഖരനെ അഭിനന്ദിക്കുന്നുവെന്നും സ്വീകരിച്ചത് മാതൃകാപരമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാതാപിതാക്കളും കുട്ടികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എംഡിഎംഎ കേസിൽ മകൻ ശിവജിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാതൃകാപരമായ തീരുമാനവുമായി വിഎസ്ഡിപി നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തിയത്. ലഹരിക്കേസിൽ മകനെ അറസ്റ്റ് ചെയ്ത പൊലീസിന് ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. അല്ലായിരുന്നെങ്കിൽ മകൻ വലിയ വിപത്തിലേക്ക് പോകാമായിരുന്നുവെന്നാണ് അദ്ദേഹം റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
'സമൂഹത്തിനെ ബാധിച്ചിരിക്കുന്ന വലിയ വിപത്ത് ആണ് ലഹരി. അതിൽ മകനും കൂടി പെട്ടുവെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി. അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവർ ചുറ്റിലുമുണ്ടെന്ന് മനസ്സിലായി. രാവിലെ മകനുമായി സംസാരിച്ചു. അവൻ കുറ്റസമ്മതം നടത്തി. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമെ ആയുള്ളൂ. എന്റെ തിരക്കിനിടയിൽ മകന്റെ കാര്യം ശ്രദ്ധിക്കുന്നതിൽ വീഴ്ചയായി. എന്റെ ഭാഗ്യത്തിനാണ് അവനെ പിടികൂടിയത്. ജാമ്യം ലഭിച്ചു. അതിന് ശേഷമാണ് ഇതെല്ലാമറിഞ്ഞത്. അവനോട് സംസാരിച്ചതിൽ നിന്നും ഒരുപാട് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഈ ജില്ലയ്ക്കകത്ത് വിദ്യാർത്ഥികൾ അടക്കമുള്ള പത്തായിരത്തോളം പേർ ലഹരിക്കടിമയെന്നാണ് അറിയാൻ കഴിഞ്ഞത്. പേരുകൾ ശേഖരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൈമാറും', വിഷ്ണുപുരം ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞു.
ചെയ്തതെല്ലാം തെറ്റാണെന്നും തിരുത്തുമെന്നുമാണ് മകൻ പറഞ്ഞത്. അത് സത്യമെങ്കിൽ അച്ഛനെന്ന നിലയിൽ അഭിമാനിക്കുന്നു. അവന് നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം ആരംഭിക്കും. പൊലീസ് കുടുക്കിയതാണോയെന്ന് ചോദിച്ച് ചിലർ വിളിച്ചിരുന്നു. എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തത് നന്നായി. ഇല്ലെങ്കിൽ വലിയ വിപത്തിലേക്ക് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ramesh chennithala supports vishnupuram chandrashekharan