
പാലക്കാട് : ലഹരിക്കേസുകളിൽ അപൂർവ നടപടിയുമായി പാലക്കാട് സെഷൻസ് കോടതി. ഒരു ദിവസം നാല് ലഹരിക്കേസുകളിലാണ് സെഷൻസ് കോടതി വിധി പറഞ്ഞത്. 2017 ജൂലൈയിൽ പാലക്കാട് കൂട്ടുപാതയിൽ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ തമിഴ്നാട് സ്വദേശി കറുപ്പ് സ്വാമി എന്ന വിഘ്നേഷിന് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2016 ഓഗസ്റ്റിൽ കൊല്ലങ്കോട് നെന്മേനിയിൽ 4.2കിലോ കഞ്ചാവുമായി പിടിയിലായ എറണാകുളം സ്വദേശികളായ സെബാസ്റ്റ്യൻ, പ്രിയോജ്, വിപിൻ എന്നിവർക്ക് എട്ടുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2015ൽ കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വെച്ച് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി ഷംസുദ്ദീന് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2015 ഫെബ്രുവരിയിൽ കൊഴിഞ്ഞാമ്പാറയിൽ 6.5 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ സമീർ, രതീഷ് എന്നിവർക്ക് ആറുവർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. നാലു കേസുകളും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കേസുകളാണ്.
content highlights: Rare court judgment in drug cases; Palakkad Sessions Court gave judgment in four cases in one day