
പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്നാരോപിച്ച് ബിജെപി. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു.
പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കി. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.
ബ്രൂവറിക്കെതിരായ സമരത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയില്‍ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു.
ഒയാസിസിന് വേണ്ടി സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. എംബി രാജേഷ് ഒയാസിസ് കമ്പനിക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയായി മാറിയെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: brewery in Ellapulli gave Rs 2 crore to the CPIM and Rs 1 crore to the Congress; BJP