
കാസർകോട്: കാസർകോട് പത്താം ക്ലാസ് സെന്റ് ഓഫ് പാർട്ടിക്കിടെ കുട്ടികൾക്കിടയിൽ നിന്നും ലഹരി കണ്ടെത്തിയ സംഭവത്തിൽ പരിശോധന ശക്തമാക്കി പൊലീസ്. കാസർകോട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിശോധന ശക്തമാക്കും. ലഹരിബന്ധമുള്ള കൂടുതൽ കണ്ണികൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നു എന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് കാസർകോടെ ഒരു സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്.
ഇതിനെ തുടർന്ന് സ്കൂളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് കാസർഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ കാസർകോട് സബ് ഇൻസ്‌പെക്ടർ പ്രദീഷ് കുമാർ എം പി യുടെ നേതൃത്വത്തിലുള്ള വനിതാ പൊലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാർത്ഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്ത കളനാട് സ്വദേശി സമീറിനെ (34) പൊലീസ് പിടികൂടി. പ്രതിയെ പിടികൂടുന്ന വേളയിൽ പൊലീസിനെ മർദിക്കാനുള്ള ശ്രമവും ഉണ്ടായി.
content highlights : drug party during Kasaragod 10th Class Sent Off; Police has intensified surveillance in schools