
കാസർകോട് : കാസർകോട് 21-കാരിയായ ഭാര്യയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. നെല്ലിക്കട്ട സ്വദേശി
അബ്ദുൾ റസാഖാണ് മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയിൽ ജോലി ചെയ്യുന്ന അബ്ദുൾ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്സാപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു. 50 പവൻ സ്വർണമാണ് റസാഖ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. 20 പവൻ സ്വർണ്ണം വിവാഹ ദിവസം നൽകി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭക്ഷണം പോലും തരാതെ തന്നെ മുറിയിൽ പൂട്ടിയിട്ടെന്നും പെൺകുട്ടി ആരോപിക്കുന്നു. മാനസികമായി നിരന്തരം ഉപദ്രവിച്ചു.
ഭർത്താവിന്റെ ഉമ്മയും സഹോദരിയും ചേർന്ന് നിരന്തരം അസഭ്യം പറഞ്ഞുവെന്നും മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുമെന്ന് പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.
content highlights : husband imposed triple talaq on the 21-year-old woman in kasaragod