
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത്. ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
ഇൻസ്റ്റഗ്രാമിന് പുറമേ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘർഷത്തിന് ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിൻറെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരിൽ മുതിർന്നവർ ഉണ്ടെന്നും ഇവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസിൽ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തും.
Content Highlights: Instagram chats out in the incident of death of thamarassery student