സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം കുതിച്ചുയരുന്നു; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

നാട് ആപത്ത് നേരിടുമ്പോൾ ഡിവൈഎഫ്ഐ നല്ല രീതിയിൽ പ്രതികരിച്ചു എന്നും അദ്ദേഹം അഭിനന്ദിച്ചു

dot image

തിരുവനന്തപുരം : കേരളത്തിന്റെ മാറുന്ന മുഖമാണ് ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 നും 2023 നുമിയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ വൻ വളർച്ചയാണ് കേരളം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ ഗ്ലോബൽ ശരാശരി വെറും 46% ഉള്ളപ്പോൾ 254% വളർച്ചയാണ് കേരളം കൈവരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയോട് യോജിക്കാത്തവർ പോലും മവാസോ ഫെസ്റ്റിന് എത്തി.

Also Read:

നാടിൻ്റെ മുന്നേറ്റത്തിന് നിരവധി പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുത്തു. അഴിമതി നാടിൻ്റെ ശാപമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം നടത്താൻ ഡിവൈഎഫ്ഐക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വർഗ്ഗീയതയുടെ വിത്ത് നാട്ടിൽ വളരുന്നു. അതിനെ ചെറുത്തു നിർത്താൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നുണ്ട്. നാട് ആപത്ത് നേരിടുമ്പോൾ ഡിവൈഎഫ്ഐ നല്ല രീതിയിൽ പ്രതികരിച്ചു എന്നും അദ്ദേഹം അഭിനന്ദിച്ചു.

ഒട്ടനവധി ദുരിതങ്ങൾ കേരളം അടുത്തിടെ ഏറ്റുവാങ്ങിയെങ്കിലും അവിടെയെല്ലാം ഡിവൈഎഫ്ഐ മാതൃകാപരമായ ഇടപെടലുകൾ നടത്തി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കൾ മാറുന്ന ലോകത്തിൻ്റെ ചലനം വേഗത്തിൽ മനസ്സിലാക്കുന്നു. കേരളത്തിൽ അധികവും അഭ്യസ്തവിദ്യരായ യുവത്വമായതിനാൽ സ്റ്റാർട്ടപ്പുകളുടെ സാദ്ധ്യത സർക്കാർ തിരിച്ചറിയുകയും ഒരു സ്റ്റാർട്ടപ്പ് നയം ആവിഷ്കരിക്കുകയുമായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ‍സർക്കാർ ഇത്തരത്തിൽ ഒരു നയം സ്വീകരിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് കേരളസർക്കാർ ഫണ്ടിംഗ് അനുവദിച്ചു. ഇവയെല്ലാം ഫലപ്രദമായി മാറിയെന്നും ഇന്ന് കേരളത്തിൽ 6200 സ്റ്റാർട്ടപ്പുകൾ ഉണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണെന്നും അഫൊർഡബിൾ ടാലൻറ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം മുഖ്യമന്ത്രി മാധ്യമങ്ങളെയും വിമർശിച്ചു. മാധ്യമങ്ങൾ അപഥ സഞ്ചാരത്തിലെന്ന് പറഞ്ഞ മുഖ്യമന്ത്രി നല്ല കാര്യങ്ങൾ പ്രചരിപ്പിക്കുക എന്ന ധർമ്മം ഏറ്റെടുക്കേണ്ട മാധ്യമങ്ങൾ നെഗറ്റീവ് ആയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Content highlights : Kerala is booming in the startup sector; CM congratulates DYFI

dot image
To advertise here,contact us
dot image