
തിരുവനന്തപുരം: സംസ്ഥാനത്തും അന്തർസംസ്ഥാനങ്ങളിലും സർവീസ് നടത്തുന്ന വാഹന ഡ്രൈവർമാർ പൊലീസിൻ്റെയും മോട്ടോർവാഹനവകുപ്പിൻ്റെയും ലഹരി പരിശോധന അടക്കം അട്ടിമറിക്കുന്നു എന്നതിൻ്റെ തെളിവുകൾ പുറത്തുവിട്ട് റിപ്പോർട്ടർ. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാരും ബസ്സ് ഡ്രൈവർമാരും ടിപ്പർ ലോറി ഡ്രൈവർമാരും വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചാണ് നിരത്തുകളിലെ പരിശോധന അട്ടിമറിക്കുന്നത്.
ട്രിപ്പ് പുറപ്പെടും മുമ്പ് ആ വിവരം ഗ്രൂപ്പിലിടുന്നതോടെ എവിടെയൊക്കെയാണ് പരിശോധന എന്ന വിവരം കൃത്യമായി ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഓഡിയോ സംഭാഷണങ്ങൾ അയക്കുന്ന തെളിവുകൾ റിപ്പോർട്ടറിന് കിട്ടി. മയക്കുമരുന്ന് പരിശോധന അടക്കമുള്ള വിവരങ്ങളാണ് കൈമാറുന്നതിലേറെയും. പരിശോധനാ വിവരങ്ങൾ പൊലീസും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവർമാർക്ക് ചോർത്തിക്കൊടുക്കുന്നു എന്നതും ശബ്ദസംഭാഷണങ്ങളിൽ വ്യക്തമാണ്.
വിവരം കൈമാറാൻ കോഡ് ഭാഷയാണ് ഉപയോഗിക്കുന്നത്. ഹൈവേ പൊലീസിനെ 'നീലപ്പാമ്പ്' എന്നാണ് വിശേഷിപ്പിക്കുന്നത്. പിഴവീണാൽ നീലപ്പാമ്പ് കൊത്തിയെന്നു പറയും. എംവിഡിക്ക് 'നമ്പർ വൺ' എന്നാണ് കോഡ് ഭാഷ. എൻഫോഴ്സ്മെൻറ് ആർടിഒ 'നമ്പർ ടു' ആണ്. ഈ രീതി ഉപയോഗിച്ചാണ് ഡ്രൈവർമാർ തടിതപ്പുന്നത്.
Content Highlights: Drivers are subverting police and motor vehicle drug checking