
തൃശ്ശൂര്‍: ജയിലില്‍ വെച്ചെഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരത്തിനൊരുങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്. ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രൂപേഷ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥാ കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് രണ്ടിന് രൂപേഷ് നിരാഹാര സമരം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
'ബന്ദിതരുടെ ഓര്‍മക്കുറിപ്പുകള്‍' എന്ന പേരില്‍ ജയിലില്‍വെച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി തേടി രൂപേഷ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷവും ജയിൽ വകുപ്പ് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് രൂപേഷിന്റെ ജീവിത പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ പി എ ഷൈന പറയുന്നു. അനുമതി നൽകാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രൂപേഷ് ജയിലിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഷൈന മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജയില്‍ കഴിയുന്ന രൂപേഷിന്റെ രണ്ടാത്തെ നോവലാണിത്. ഒളിവില്‍ കഴിയുന്ന കാലത്ത് രൂപേഷ് എഴുതിയ ആദ്യ നോവല്‍ 'വസന്തത്തിലെ പൂമരങ്ങള്‍' എന്ന പേരില്‍ ഗ്രീന്‍ ബുക്‌സും, 'മാവോയിസ്റ്റ്' എന്ന പേരില്‍ ഡിസി ബുക്‌സും പ്രസിദ്ധീകരിച്ചിരുന്നു.
ജയിലില്‍ വെച്ച് രൂപേഷ് എഴുതിയ രണ്ടാമത്തെ നോവലിനാണ് ഇപ്പോള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. എഴുതാനും വായിക്കാനും എഴുതിയത് പ്രസിദ്ധീകരിക്കാനുമുള്ള തടവുകാരുടെ അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് നിരവധി സുപ്രീംകോടതി വിധികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷൈന പറഞ്ഞു.
സിപിഐ(എംഎല്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ കേരള വിദ്യാര്‍ത്ഥി സംഘടന(കെവിഎസ്) യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന രൂപേഷ് പില്‍ക്കാലത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പൊലീസ് പിടികൂടുന്നത് 2015 മെയ് മാസത്തിലാണ്. വിചാരണ നേരിടുന്ന വിവിധ കേസുകളില്‍ കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും രൂപേഷിനെ ജയിലില്‍ നിന്ന് പുറത്തുവിടരുത് എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രൂപേഷിന്റെ ജാമ്യത്തിന് എതിര് നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേരത്തെ രംഗത്തുവന്നിരുന്നു.
Content Highlights: Maoist prisoner Rupesh on strike to protest against not being allowed to publish his novel written in jail