
കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണ്. വലത് ചെവിയുടെ മുകൾഭാഗത്തായാണ് പൊട്ടൽ. അതേസമയം, ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.
Content Highlights: Shahbas's skull is broken in students attack at thamarassery