
പാലക്കാട്: ഒയാസിസ് കമ്പനിയില്‍ നിന്നും സിപിഐഎം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.
കോടികളുടെ വെട്ടിപ്പ് നടത്തുന്ന ബിജെപിയിലൂടെയാണ് സിപിഐഎമ്മിനെ കൃഷ്ണകുമാര്‍ നോക്കി കാണുന്നത്. കച്ചവട താത്പര്യം മാത്രമാണ് കൃഷ്ണകുമാറിനുള്ളതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നു. സിഐഎ വന്ന് അന്വേഷിച്ചാലും സിപിഐഎമ്മിന് ഭയമില്ല. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
കൃഷ്ണകുമാറിന്റെ ആസ്തിയാണ് പരിശോധിക്കപ്പടേണ്ടത്. ഒയാസിസ് കമ്പനിയില്‍ നിന്ന് 2000 രൂപയെങ്കിലും സിപിഐഎം വാങ്ങിയെന്ന് തെളിയിക്കാന്‍ കൃഷ്ണകുമാറിനെ വെല്ലുവിളിക്കുന്നുവെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കി. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.
Content Highlights: The state of mind of C Krishnakumar should be checked; CPIM district secretary