
തിരുവനന്തപുരം: വെയില്‍സ് സംഘം തിരുവനന്തപുരം മെഡിക്കല്‍ നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ സംഘം പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറീസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോ.ഡയറക്ടര്‍ ഡോ.കെ.വി വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ ബി ഉഷാദേവീ എന്നിവരുമായി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.
രാവിലെ നഴ്സിംങ് കോളേജിലെത്തിയ വെയില്‍സ് സംഘം വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിച്ചിരുന്നു. നഴ്സിംങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ശ്രീദേവി അമ്മ വിദ്യാര്‍ത്ഥികളെ പ്രതിനിധിസംഘത്തിന് പരിചയപ്പെടുത്തി. നയതന്ത്രപ്രതിനിധി മിച്ചല്‍ തീക്കര്‍, ബംഗലൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്റെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജയിംസ് ഗോര്‍ഡന്‍, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്സ് പ്രതിനിധി ഇയാന്‍ ഓവന്‍, നോര്‍ക്ക റൂട്ട്‌സില്‍ നിന്നും സിഇഒ അജിത് കോളശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും സംബന്ധിച്ചു.
"വെയിൽസ് ഇൻ ഇന്ത്യ 2024" വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായാണ് വെയില്‍സ് സംഘം ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ സംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ നഴ്സിംങ് കോളേജുകളും സംഘം സന്ദര്‍ശിച്ചിരുന്നു. വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ എലുനെഡ് മോർഗനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും 2024 മാര്‍ച്ച് ഒന്നിനാണ് തിരുവനന്തപുരത്ത് ഒപ്പിട്ടത്.
Content Highlights: The Wales team visited Thiruvananthapuram Medical Nursing Colleges